25 Jan 2013

ഇടമലയാറില്‍ ഒരു ദിവസം


2012 വിജയദശമിക്ക്  രണ്ടു നാള്‍ മുമ്പ് പ്രകര്‍തി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന  ഒരിടത്തേക്ക്  ഒരു കൊച്ചു യാത്ര പ്ലാന്‍ ചെയ്തു. ഇത്തവണത്തെ  ലക്ഷ്യ സ്ഥാനം എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയോട്  ചേര്‍ന്ന് കിടക്കുന്ന ഇടമലയാര്‍ വനം ആയിരുന്നു. കാക്കനാട് നിന്നും ഏകദേശം 75 km  അകലെയുള ഈ പ്രദേശം ഞങ്ങള്‍ക്ക് വീക്ക്‌ഡയസില്‍ വന്ന  വിജയദശമി എന്ന പുണ്യ അവധി ദിവസം കവര്‍ ചെയ്യാന്‍ തികച്ചും  അനുയോജ്യമായിരുന്നു.


ഒക്ടോബര്‍ 24നു കാലത്ത് 10.30ന് ഞാനും സുഹ്ര്‍ത്ത്  രജീഷും, ഞങ്ങളുടെ വാഹകനായി  രജീഷിന്‍റെ   ഹോണ്ട  യുനികോണും കാക്കനാട് സിഗ്നല്‍ ‍ ജങ്ങ്ഷനില്‍  നിന്ന് ഇടമലയാര്‍  ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു.

പുത്തന്‍കുരിശ് -> കോലഞ്ചേരി ->മൂവാറ്റുപുഴ വഴി 45 km കവര്‍ ചെയ്തു 12 മണിക്ക്ഞങ്ങള്‍ കോതമംഗലത്ത് എത്തി. ഇവിടെ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങിക്കാം എന്ന് കരുതി അടുത്ത് കണ്ട രണ്ടു മൂന്നു ഹോട്ടലുകളില്‍ കയറി ഇറങ്ങി .വെജ് എവിടെയും കിട്ടാത്തതിനാലും നോണ്‍ വെജ് യാത്രയില്‍ നല്ല പണി തരാന്‍ സാധ്യതയുണ്ടെന്ന് മുന്‍ കാല അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അറിയാവുന്നത് കൊണ്ടും, വഴിയെ കാണുന്ന ഏതെങ്കിലും കടയില്‍ നിന്നും വെജ് തന്നെ വാങ്ങിക്കാം എന്ന് ഉറപ്പിച്ചു . 10 മിനിറ്റ്  റസ്റ്റ് എടുത്ത ശേഷം യാത്ര തുടര്‍ന്നു.

കോത മംഗലത്ത് നിന്നും ഭൂതത്താന്‍‍കെട്ട് റോഡ്‌ വഴിയായിരുന്നു തുടര്‍‍ന്നുള്ള യാത്ര. യാത്ര വീഥിയില്‍ അടുത്ത പ്രദേശങ്ങള്‍ കരിങ്ങഴ , ചെലാട് എന്നിങ്ങനെയുള്ള രണ്ടു കൊച്ചു ഗ്രാമങ്ങള്‍ ആയിരുന്നു . ചെലാട് രണ്ടു മൂന്നു കടകളും ഒരു കൊച്ചു ഹോട്ടലും ഉള്ള ഒരു കവല ആണ് . ഇവിടെ ബൈക്ക് നിറുത്തി ഈ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചു.-ഊണും സാമ്പാറും മീന്‍ ചാറും -കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധ ഇവിടത്തെ കാഷ്യരുടെ മേല്‍ പതിഞ്ഞു -പതിനാലോ പതിനഞ്ഞോ വയസു തോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി-കാഷ്യരുടെ മേശ നിറയെ അവളുടെ സ്കൂള്‍ പുസ്തകങ്ങളും, ഇടയ്ക്കു സ്കെയിലും പേനയും മറ്റും വെച്ച് ഹോം വര്‍ക്ക് ചെയ്യുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ആളുകളുടെ കയ്യില്‍ നിന്ന് കാഷ് വാങ്ങിക്കുന്നു. ആവശ്യക്കാര്‍ക്ക് സാമ്പാറും കറികളും ഒഴിച്ച് കൊടുക്കുന്നു .അവളുടെ കുടുംബത്തിന്റെ വീടും കടയും പഠന റൂമും എല്ലാം ആ ഒരു കട ആണെന്ന് തോന്നുന്നു.

ഇവിടെ നിന്നും ബൈക്ക് എടുത്തു കുറച്ചു ദൂരം കൂടി പിന്നിടുമ്പോള്‍ കീരമ്പാറ എന്ന ജങ്ങ്ഷനില്‍ എത്തി . ഇവിടെ നിന്ന് പാത രണ്ടായി പിരിയും -ഇടത്തോട്ട് ഉള്ള റോഡ്‌ പ്രശസ്തമായ തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിലേക്കും വലത്തോട്ടുള്ള വഴി ഭൂതത്താന്‍‍കെട്ട് വഴി ഇടമലയാറിലേക്കും - ഇവിടെ നിന്നും 5 km കഴിഞ്ഞപ്പോള്‍ പ്രശസ്തമായ ഭൂതത്താന്‍‍കെട്ട് ഡാം പ്രദേശത്ത് എത്തി.

ഭൂതത്താന്‍‍കെട്ട് വരെയുള്ള സ്ഥലങ്ങളില്‍ പലയിടത്തുമായി റോഡ്‌ സൈടില്‍ ചെറിയ ചെറിയ ഹോട്ടലുകള്‍ ഉണ്ട്. കോതമംഗലം വിട്ടാല്‍ കഴിക്കാന്‍ ഒന്നും കിട്ടാന്‍ സാധ്യത ഇല്ല എന്ന ഞങ്ങളുടെ പ്രാഥമിക നിഗമനം തെറ്റായിരുന്നു.

മിനുക്കിയിട്ടില്ലാത്ത (Unshaped ), തികച്ചും പ്രക്രതിതത്വമായി തോന്നിക്കുന്ന പാറക്കെട്ടുകള്‍ കൊണ്ടാണ് ഈ ഡാം പണിതിട്ടുള്ളത് . ഇത് അടുത്തുള്ള ശിവ ക്ഷേത്രത്തിനു സംരക്ഷണ മായി ഏതോ ഭൂതം കെട്ടിയതാണ് എന്ന പഴമക്കാരുടെ വിശ്വാസമാണ് ഭൂതത്താന്‍‍കെട്ട് (Fort of Monster ) എന്ന ഗംഭീര പേര് ഡാമിന് നേടിക്കൊടുത്തത്.

അവധി ദിനം ആയതു കൊണ്ടായിരിക്കണം , ഇവിടെ ഒരു പാട് വിനോദ സഞ്ചാരികളെ കാണാന്‍ ‍ പറ്റി . പാലത്തില്‍ നിന്ന് ഉള്ള കാഴ്ച വളരെ മനോഹരമാണ് . അണക്കെട്ടിലെ വെള്ളവും ചുറ്റപ്പെട്ടു പച്ച പരവതാനി വിരിച്ചു നില്‍കുന്ന പുല്ലുകളും കാഴ്ചക്കാരന്‍റെ നയനങ്ങള്‍ക്ക് പ്രത്യേക കുളിര്‍മയാണ് നല്‍കുന്നത്. പാലത്തിനു മുമ്പായി ഒരു ചില്‍ട്രന്‍സ്ര് പാര്‍ക്കും , പാലം കഴിഞ്ഞാല്‍ ഉടനെ ത്രിക്കരിയൂര്‍ ശിവ ക്ഷേത്രവും കാണാം. ഒരു സുവര്‍ണ കാലത്തിന്റെ സ്മാരകം എന്ന പോലെ പൂട്ടിക്കിടക്കുന്ന ബോട്ടിംഗ് ടിക്കറ്റ്‌ കൌണ്ടറും കാണാം. 2007 ഇല്‍ 15 കുഞ്ഞുങ്ങളടക്കം 18 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിന് ശേഷമാണു ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന ബോട്ട് സവാരി നിറുത്തി വെച്ചത് .



ഞങ്ങളുടെ യദാര്‍ത്ഥ ലക്‌ഷ്യം ആയ ഇടമലയാര്‍ വനത്തില്‍ പെട്ടെന്ന് എത്തിച്ചേരണം എന്നതിനാല്‍ 15 മിനിറ്റ് മാത്രം ഇവിടെ ചിലവഴിച്ചു യാത്ര തുടര്‍ന്നു


ഇനി അങ്ങോട്ടുള്ള 15 km യാത്ര വനത്തിലൂടെയാണ് -പ്രാചീന മനുഷ്യന്റെയും ഇപ്പോഴത്തെ മൃഗങ്ങളുടെയും നാട് - ഭൂതത്താന്‍‍കെട്ട് കഴിഞ്ഞപ്പോള്‍ തന്നെ അന്തരീക്ഷം കാടിന്‍റെതായി മാറി തുടങ്ങിയിരുന്നു. ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ക്ക് ഇടയിലൂടെയുള്ള വീതി കുറഞ്ഞ പാത. കാറ്റില്‍ ആടുന്ന മരങ്ങളുടെ ശബ്ദവും പക്ഷികളുടെ കലപില ശബ്ദവും ചേര്‍ന്ന് വരുന്ന പശ്ചാത്തല സംഗീതം. കുറച്ചു കൂടി 
അകത്തേക്ക് പോയപ്പോള്‍ ഞങ്ങളെ 

അത്ഭുദപ്പെടുതിക്കൊണ്ട് കോതമംഗലത്തേക്കുള്ള KSRTC JnuRAM ബസ്‌ കടന്നു പോയി. പിന്നീടാണ്‌മനസ്സിലായത് വനത്തിനുഒരു വശത്ത് വടാട്ടുപാറ എന്ന ഒരു കൊച്ചു ജനവാസ ഗ്രാമം ഉണ്ടെന്നും അവിടെ നിന്നാണ് ഈ ബസ്‌ വരുന്നതെന്നും.



കുറച്ചു കൂടി മുമ്പോട്ടു പോയാല്‍ വനപാത രണ്ടായി തിരിഞ്ഞു വടാട്ടുപാറയിലേക്കും ഇടമലയാറിലേക്കും പോകുന്നു. ഇടമലയാറിലേക്ക് ഉള്ള വഴി തീര്‍ത്തും നിശബ്ദവും വിജനവും ആയിരുന്നു. വല്ലപ്പോഴും മാത്രം സഞ്ചാരികളെ കാണാന്‍ പറ്റും കാടിനു അകത്തേക്കുള്ള വഴികള്‍ അധിക്രതര്‍ പലയിടത്തുമായി ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ച് അടച്ചിട്ടതായി കണ്ടു. കാട്ടിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം നിയന്ത്രിക്കാനായിരിക്കണം ഇതെല്ലാം. എന്നാല്‍ ഒരു വാതില്‍ അടച്ചാല്‍ പകരം വേറെ ഒരു പാട് എണ്ണം തുറക്കപ്പെടും എന്ന ആപ്തവാക്യം യാദാര്‍ത്ഥ്യം ആകുന്നത്‌ ഞങ്ങള്‍ ‍ ഇവിടെ കണ്ടു .അടച്ചിട്ട ഓരോ സ്ഥലത്തിനും തൊട്ടടുത്തായി വേറെ വഴികള്‍ ഞങ്ങള്‍ക്ക് കണ്ടു പിടിക്കാന്‍ പറ്റി .


ഭൂതത്താന്‍‍കെട്ടില്‍ നിന്നുള്ള 15 km വനയാത്ര , പാതയുടെ അവസാന പോയന്റായ ഇടമലയാര്‍ഡാമില്‍ എത്തിച്ചു .എന്നാല്‍ ഇവിടെ ഞങ്ങളെ വരവേറ്റത് അടഞ്ഞു കിടക്കുന്ന കൂറ്റന്‍ ‍ ഇരുമ്പ് കവാടവും പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡുമാണ്. കവാടത്തിനു ഇടയിലൂടെ കടന്നു അന്വേഷിക്കാന്‍ ചെന്ന ഞങ്ങള്‍ക്ക്,വാച്ചര്‍ ചൂണ്ടി കാണിച്ചു തന്നത് ഒരു കൂറ്റന്‍ ‍ മഞ്ഞ ബോര്‍ഡ്‌ ആയിരുന്നു . സുരക്ഷ കാരണത്താല്‍ ഭാരത സര്‍കാര്‍ പൊതു ജന പ്രവേശനം നിരോധിച്ച ഡാമുകളുടെ ലിസ്റ്റ് --കൂട്ടത്തില്‍ഞങ്ങളുടെ തൊട്ടു മുമ്പില്‍ ഉള്ള ഇടമലയാര്‍ ഡാമും ഉണ്ടായിരുന്നു .


ഇവിടെ നിന്നും തിരിച്ചു. റോഡില്‍ ഇടയ്ക്കിടെ കാണുന്ന പുതിയതും പഴയതുമായ ആനപ്പിണ്ടങ്ങളും , ആനചൂരുമെല്ലാം , കാട്ടിലെ ശക്തന്മാരുടെ സാനിദ്ധ്യം അറിയിച്ചു. കുറച്ചു കൂടി മുമ്പോട്ടു വന്നു ബൈക്ക് നിറുത്തി ആദ്യം കണ്ട നടപ്പാതയിലൂടെ കാടിനു അകത്തേക്ക് കയറി..തീര്‍ത്തും വൃക്ഷ നിബിടമായ പച്ചയില്‍ കുളിച്ചു നില്‍കുന്ന പ്രദേശം...ഏതാനും നീരുറവകള്‍ പാറക്കെട്ടുകലില്‍ നിന്ന്‍ ഉദ്ഭവിച്ചു താഴോട്ട് ഒഴുകുന്നു..അധികം അകത്തോട്ടു അല്ലാതെ കുറച്ചു നേരം നടന്ന ശേഷം തിരിച്ചു റോഡിലേക്ക് തന്നെ വന്നു..


 എതിര്‍ വശത്തെ പുല്‍ കാടുകളിലൂടെ കുറച്ചു ദൂരം നടന്നു. ഏതാനും ചതുപ്പ് നിലങ്ങളും കടന്നു കുറച്ചു അകലെ നില്‍ കുന്ന ഒരു വലിയ പാറ ഏതാനുo നിമിഷത്തേക്ക് ഒരു ആനയുടെ പ്രതീതി ഉണ്ടാക്കി . ചതുപ്പ് നിലവും ഏതാനും മുളങ്കാടുകളും കഴിഞ്ഞപ്പോള്‍, ഈ യാത്രയില്‍ ആദ്യമായി ഒരു കാടിന്‍റെ അവകാശി ഞങ്ങള്‍ക്ക് ദര്‍ശനം തന്നു-.ഒരു കുരങ്ങന്‍!!-കുറച്ചു ദൂരമായി സാമാന്യം വലിയ ഒരു അരുവി കാണാമായിരുന്നു. വലിയ പാറക്കെട്ടുകളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പുല്ലുകളും കടന്നു അങ്ങോട്ട്‌ എത്തുക അസാധ്യമായി തോന്നി.


തിരിച്ചു റോഡില്‍ കയറി. ഇവിടെ നിന്നും കുറച്ചു അകലെയായി അതേ അരുവി വളരെ വ്യക്തമായി കാണാം.അവിടെ നിന്നും കുറച്ചു ആളുകളുടെ ശബ്ദവും..ഇതോടെ അരുവിയിലേക്ക് വഴി ഉണ്ടെന്ന്‍ ബോധ്യമായി..മുമ്പില്‍ കാണുന്ന പല വഴികളും ‍ ശ്രമിച്ചെങ്കിലും ഒന്നും ഞങ്ങളെ അവിടെ എത്തിച്ചില്ല . അവസാനം തോല്‍വി സമ്മതിച്ചു തിരിച്ചു ബൈക്ക് എടുത്തു കുറച്ചു ദൂരം കൂടി മുമ്പോട്ടു വന്നു..ഇവിടെ കണ്ട പുല്ലുകള്‍ക്കു ഇടയിലൂടെയുള്ള ഒരു വഴി കൂടി പരീക്ഷിച്ചു ..ഇത് ഞങ്ങളെ അരുവിയില്‍ എത്തിച്ചു..ഈ വഴി കണ്ടില്ലയിരുന്നെകില്‍ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം മിസ്സ്‌ ആകുമായിരുന്നു എന്ന് പിന്നീട് ബോധ്യമായി ..

    വളരെ മുകളില്‍ നിന്നും വെള്ളം ഘട്ടം ഘട്ടമായി ഇറങ്ങി വരുന്നു..അരുവിയില്‍ ഇടനീളം ഇടയ്ക്കിടെ ഉള്ള ചെറുതും വലുതുമായ പറക്കഷ്ണങ്ങള്‍ , വഴുക്കുണ്ടയിരുന്നെങ്കിലും ഞങ്ങളുടെ അരുവിയിലൂടെയുള്ള യാത്ര സുഖമമാക്കി. അകതോട്ടു പോകുന്തോറും പാറകളുടെ ലഭ്യത കുറഞ്ഞു വന്നു. അതോടെ ഒരു വടി തപ്പിയെടുത്തു വെള്ളം കുറഞ്ഞ ഭാഗത്ത്‌ കൂടി ആയി യാത്ര. .അരുവിയിലെ നീരൊഴുക്കു അവസാനം ഇടമല ആരിലാണ് ചെന്ന്ചേരുന്നത്.



 ഇവിടെ ചൂണ്ട ഇടുന്ന സമീപവാസിയായ ഒരു ചേട്ടനെ പരിചയപ്പെട്ടു. കൂടെ മൂന്ന് ചെറിയ പെണ്‍ കുട്ടികളും ഉണ്ടായിരുന്നു..സ്ഥിരമായി ആനകൂട്ടം വെള്ളം ഇറങ്ങാറുള്ള സ്ഥലമാണ്‌ ഇതെന്നും ആന സഞ്ചാരത്തിന് ഏറ്റവും യോജ്യമായ സ്ഥലമാണ്‌ ഇതെന്നും പുള്ളി പേടിപ്പിച്ചു.കുട്ടികളുടെ അടുത്ത് നിങ്ങള്‍ ‍ ആനയെ കണ്ടിട്ടുണ്ടോ എന്ന് രഹസ്യമായി ചോദിച്ചപ്പോള്‍ ‍ അമ്പലത്തില്‍ തടി പിടിക്കാന്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു മറുപടി..എന്തായാലും ഇടമലയാറിന്‍റെ ഈ കൊച്ചു അരുവിയില്‍ ആഴമില്ലാത്ത ഇടത്ത് വെച്ച് ഒരു വൈല്‍‍ഡ്‌ ബാതിംഗ് കൂടി നടത്തി ഞങ്ങള്‍ റോഡില്‍ ‍ കാത്തിരിക്കുന്ന യുനികോണ്‍ ‍ ലക്ഷ്യമാക്കി തിരിച്ചു നടന്നു .

തിരിച്ചു നടക്കുമ്പോള്‍ ഒരുപറ്റം യുവാക്കള്‍ മദ്യക്കുപ്പികളും ടചിങ്ങ്സും ഗ്ലാസുകളുമായി പാ റക്കെട്ടുകളിലൂടെ വനത്തിലേക്ക് നടക്കുന്നുണ്ടായിരുന്നു .രക്തത്തില്‍ ലയിച്ചു ചേര്‍ന്ന ലഹരിയുമായി നന്നായി വഴുക്കുള്ള ഈ പറക്കെട്ടുകളിലൂടെ നടക്കാന്‍ അവര്‍ ശരിക്കും പാട് പെടുന്നുണ്ടായിരുന്നു.അവര്‍ ഇവിടെ ഉപേക്ഷിക്കാന്‍ പോകുന്ന കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കാടിന്റെ മേല്‍ മനുഷ്യന്‍ കൊടുക്കുന്ന വലിയ പ്രഹരം തന്നെ ആയിരിക്കും.
5 30 യോടെ ഇടമയാറില്‍ നിന്നും കൊച്ചിയിലേക്കുള്ള റിട്ടേണ്‍ പ്രയാണം ആരംഭിച്ചു .വരുന്ന വഴിയിലുള്ള ചില നീരൊഴുക്കുകളും വെള്ള ചാട്ടങ്ങളിലും കുറച്ചു സമയം ചിലവഴിച്ച ശേഷം ശേഷം, കാടിനോട്‌ ടാറ്റാ പറഞ്ഞ് നാടിന്‍റെ വഴികളിലേക്ക് തിരിച്ചു. 8 30 PM ഓടെ ഞങ്ങളുടെ സ്റ്റാര്‍ട്ട്‌ പോയണ്ട് ആയ കാക്കനാട് തിരിച്ചെത്തി ...